മഹാ ഉപവാസത്തിന്റെ ഏഴാം ദിവസം ഗുരുവിനോടൊപ്പം നടന്ന സത്സംഗത്തിനിടയിൽ ശിഷ്യനായ ഒരു കുട്ടി സംശയം ചോദിച്ചു.
ഗുരോ, നമ്മുടെ രാജ്യം നിരവധി ഗുരുക്കന്മാരെക്കൊണ്ട് അനുഗ്രഹീതമാണല്ലോ. അവരെല്ലാം തന്നെ ആത്മീയമായും, അതീന്ദ്രിയശേഷിയിലും അങ്ങയെപ്പോലെ ഉന്നത ശ്രേണിയിൽപ്പെട്ടവരാണന്ന് നമ്മുക്ക് അറിവുള്ളതാണ്. എന്നാൽ അവരെല്ലാം തന്നെ പല വിധത്തിലുള്ള അപകീർത്തിപരമായ ആരോപണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. ഈ പ്രശ്ങ്ങളെ മുൻകൂട്ടി അറിയുവാനും, അതിൽ നിന്നും രക്ഷ നേടുവാനും എന്തുകൊണ്ട് അവർ അതീന്ദ്രിയ ജ്ഞാനം ഉപയോഗിക്കുന്നില്ല?
(ഗുരുവിന്റെ വിശദീകരണം അർത്ഥപൂർണ്ണമായ രീതിയിൽ വിവരിക്കുവാൻ പല തവണ ശ്രമിച്ചിട്ടും എനിക്കു സാധിക്കുന്നില്ല. ഇതേ ആശയം ഉൾക്കൊള്ളുന്ന വിഷയം ഞാൻ ഓഷോയുടെ "ധ്യാനത്തിലെ ആഹ്ലാദം" എന്ന പുസ്‌തകത്തിൽ വായിക്കുവാനിടയായി ആ ഭാഗം ചുവടെ ചേർക്കുന്നു.)
ചോദ്യം: പ്രിയങ്കരനായ ഗുരോ, താങ്കൾ തുടർച്ചയായി തെറ്റിദ്ധരിക്കപ്പെടുകയും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ടാണ്?
രാജേഷ്, അതൊഴിവാക്കാനാവില്ല. അതങ്ങനെതന്നെയായിരിക്കും. സത്യം പറയുന്നവരുടെ വിധിയാണത്. തെറ്റിദ്ധാരണയ്ക്കും ദുർവ്യാഖ്യാനത്തിനും വിധിക്കപ്പെട്ടവരാണവർ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ വലിയൊരത്ഭുതമായിരിക്കുമത്. ഇന്നേവരെ അങ്ങനെയല്ലാതെ സംഭവിച്ചിട്ടില്ല. ഇനിയും അങ്ങനെയല്ലാതെ സംഭവിക്കുമെന്ന് ആശിക്കാനും വകയില്ല.
ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്ന വീക്ഷണനിലവാരത്തിൽ ബുദ്ധൻമാർ സംസാരിക്കുന്നില്ല എന്നതാണ് ലളിതമായിപ്പറഞ്ഞാൽ അതിന്റെ കാരണം. വ്യത്യസ്തമായ അനുഭവത്തിലൂന്നിയാണ് അവർ സംസാരിക്കുന്നത്. വാക്കിലൂടെ ആവിഷ്ക്കരിക്കാവുന്നതല്ല അവരുടെ അനുഭവം. എങ്കിലും വാക്കിലൂടെ അതാവിഷ്ക്കരിക്കാൻ അവർ ശ്രമിക്കുന്നു. അസാധ്യമായതിനെ സാധ്യമാക്കാനാണവരുടെ ശ്രമം. വാക്കിലൂടെ പറയാനുള്ള ശ്രമം പല കുഴപ്പങ്ങളും വരുത്തി വെക്കുന്നു. സ്വന്തമായ അർത്ഥത്തിലാണ് അവർ വാക്കുകളുപയോഗിക്കുന്നത്. മറ്റൊരു വർണ്ണമാണതിനുള്ളത്. എന്നാൽ ഈ വാക്കുകൾ നിങ്ങളിലേക്കെത്തുമ്പോഴേക്കും ബുദ്ധന്മാർ അതിനു നൽകിയ അർത്ഥം നഷ്ടപ്പെടുന്നു. ഉടനെ നിങ്ങൾ അവയെ വ്യാഖ്യാനിക്കുന്നു, സ്വന്തം അനുഭവത്തെ ആസ്പദമാക്കി തർജ്ജമ ചെയ്യുന്നു.
സൂര്യൻ പ്രകാശിക്കുന്ന കൊടുമുടികളിൽ നിന്നുകൊണ്ട് ബുദ്ധൻമാർ സംസാരിക്കുന്നു. നിങ്ങൾ ഇരുളടഞ്ഞ താഴ്‌വരകളിൽ താമസിക്കുന്നു. അവർ വെളിച്ചത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങൾ വെളിച്ചം ഇതുവരെ കണ്ടിട്ടില്ല. അവർ കണ്ണുകളെക്കുറിച്ച് പറയുന്നു. നിങ്ങൾ കണ്ണുകൾ സ്വപ്നം കണ്ടിട്ടു കൂടിയില്ല. അവർ അനന്തതയെക്കുറിച്ച് പറയുന്നു നിങ്ങൾക്ക് കാലം മത്രമേ അറിയൂ. ക്ഷണഭംഗുരമായ കര്യങ്ങളേ നിങ്ങൾക്കറിയൂ. സ്ഥിതമായതിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. ആ വിടവ് ഒരിക്കലും ബന്ധിപ്പിക്കാനാവാത്തതാണ്. നിങ്ങൾ ബുദ്ധനായിത്തീരുന്നില്ലെങ്കിൽ ആ വിടവ് അങ്ങനെത്തന്നെ അവശേഷിക്കും.
അതിനാൽ വളരെക്കുറച്ച് ശിഷ്യന്മാർ മാത്രം കുറേശ്ശെ കുറേശ്ശെയായി ഗുരുക്കന്മാർ പറഞ്ഞത് ഗ്രഹിക്കുന്നു. വളരെ സാവധാനത്തിൽ ആളുകൾ ബോധവാന്മാരാകുന്നു, അവർ സാവധാനത്തിൽ ഉറക്കം വിട്ടെണീക്കുന്നു. ശ്രമകരമാണ് ഈ യത്‌നം. കാരണം ജീവിതത്തെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളത് അത് ഉറക്കവും കിനാവുമാണെന്നാണ്. ആ കിനാവുകളും ജീവിതവും പിന്നിൽ വെടിയുക എന്നത് കഠിനമാണ്. നിങ്ങളുടെ ഭൂതകാലത്തെ തീർത്തും ഇല്ലാതാക്കലാണത്. ഭൂപടം കയ്യിലില്ലാതെ അറിയാത്തൊരു ഭൂഖണ്‌ഡത്തിലേക്ക് പ്രവേശിക്കലാണത് - ഭീതി ജനകമാണത്.
ശിഷ്യൻമാർക്ക് മാത്രമേ അതു മനസ്സിലാവുകയുള്ളൂ. ആൾക്കൂട്ടത്തിന് ഒരിക്കലും അത് മനസ്സിലാക്കാൻ കഴിയില്ല. മനസ്സിലാകാതിരിക്കാൻ വേണ്ട എല്ലാ സമ്പാദ്യവും ആൾക്കൂട്ടത്തിനുണ്ട്. അതിനുള്ള എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ തന്നെ അവരതിനെ ഒഴിഞ്ഞ് വലംവെച്ച് പോകുന്നു. ബുദ്ധന്മാർക്കരികിലേക്ക് ഒരിക്കലും അവർ വരികയില്ല. സാധ്യമായ എല്ലാ മാർഗ്ഗവും ഉപയോഗിച്ച് കൂടുതൽ കൂടുതൽ പ്രതിരോധങ്ങൾ അവർ ഉയർത്തിക്കൊണ്ടിരിക്കും. എല്ലാവിധ നുണക്കഥകളും അവർ പ്രചരിപ്പിക്കും. ബുദ്ധൻമാർക്ക് ചുറ്റും അവർ പുകപടലമുയർത്തി ബുദ്ധനെ അദൃശ്യനാക്കും. ഒന്നും അവർ ശ്രദ്ധിക്കുകയില്ല - അത് അവരെ മുറിപ്പെടുത്തും. നുണകളിൽ വേരൂന്നിയതാണ് അവരുടെ ജീവിതം. സത്യം അവരെ തകർത്തു കളയും.
ആൾക്കൂട്ടം വിപുലമാണ്. അന്ധൻമാർ ലക്ഷക്കണക്കിനുണ്ട്. കണ്ണുകൾ വിരളമാണ്. സരതുഷ്‌ട്രയും ലാവോത്‌സുവും യേശുവും മോശയും ബുദ്ധനും ഒരിക്കൽ മാത്രം പിറക്കുന്നു. നാം സ്വപ്‌നം കാണാത്തത് അവർ ചെയ്യുന്നു. അന്ധ കോടികളോട് വെളിച്ചമെന്തെന്ന് അവർ വിശദീകരിക്കാൻ ശ്രമിക്കുന്നു. 'വെളിച്ചമെന്ന' വാക്കു മാത്രം അവർ കേൾക്കുന്നു. അതെന്താണെന്ന് അവർ മനസ്സിലാക്കുകയില്ല. അഥവാ സ്വന്തം അഭിപ്രായങ്ങൾക്കനുസരിച്ച് ഒരർത്ഥം അവരതിന് നൽകുന്നു. അവർ അന്ധരാണെന്ന് മാത്രമല്ല ആയിരം അഭിപ്രായങ്ങളാണവർക്ക്. ഒന്നും മനസ്സിലായില്ലെങ്കിൽപ്പോലും അവർക്ക് വളരെ അറിവുണ്ട്. മതഗ്രന്ഥങ്ങൾ അവർ പഠിച്ചിരിക്കുന്നു. അന്ധതയെ മതഗ്രന്ഥങ്ങൾ കൊണ്ടവർ മറച്ചുപിടിക്കുന്നു. ഗ്രന്ഥവരികൾ അവർ ഉദ്ധരിക്കുകയും വാഗ്വാദത്തിലേർപ്പെടുകയും ചെയ്യുന്നു. വാഗ്വാദത്തിൽ അവർ കൗശലവും സാമർത്ഥ്യവും പ്രകടിപ്പിക്കുന്നു.
സത്യം വാഗ്വാദം നടത്തുവാനുള്ള ഒന്നല്ല എന്നതാണ് യാഥാർത്ഥ്യം. ഒന്നുകിൽ അത് നിങ്ങൾക്കതറിയാം, അല്ലങ്കിൽ അറിയില്ല. അത് തെളിയിക്കാനാവുകയില്ല. അറിയാൻ അല്ലെങ്കിൽ അറിയാതിരിക്കാൻ മാത്രമേ നമുക്കാവൂ. അത് സ്ഥാപിക്കാൻ മാർഗ്ഗങ്ങളൊന്നുമില്ല.
ഒരിക്കലൊരു സംഭവമുണ്ടായി.
ഒരന്ധൻ ഗൗതമബുദ്ധന്റെ മുന്നിൽ വന്നു. അയാൾ യുക്തിവാദിയും ചിന്തകനും ഗാർഹികനും ആയിരുന്നു. ഗ്രാമത്തിലുള്ളവരോട് വെളിച്ചമില്ല എന്ന് തർക്കിച്ചു വരികയാണയാൾ. അയാൾ പറയും "എന്നെപ്പോലെ അന്ധൻമാർ തന്നെയാണ് നിങ്ങളും, എനിക്കതറിയാം, നിങ്ങൾക്കതറിയില്ല എന്നതു മാത്രമാണ് വ്യത്യാസം." കണ്ണുള്ളവരോടാണ് ഈ മനുഷ്യൻ ഇങ്ങനെ വാദിക്കുന്നത്! യുക്തിവാദത്തിൽ വളരെ സമർത്ഥനായ ഇയാളെ എങ്ങനെ നേരിടണമെന്നറിയാതെ ഗ്രാമീണർ കുഴഞ്ഞു.
അയാൾ പറഞ്ഞു, "നിങ്ങളുടെ വെളിച്ചം കൊണ്ടുവരൂ. ഞാനത് രുചിക്കട്ടെ, ഞാനത് മണക്കട്ടെ, ഞാനത് സ്‌പർശിക്കട്ടെ. എങ്കിൽ ഞാൻ വിശ്വസിക്കാം."
വെളിച്ചത്തെ സ്‌പർശിക്കാൻ കഴിയില്ല, മണക്കാനും കഴിയില്ല, രുചിക്കാനും കഴിയില്ല, കേൾക്കാനും കഴിയില്ല. ഈ നാല് ഇന്ദ്രിയങ്ങളേ ആ കുരുടനുള്ളൂ. എന്നിട്ടയാൾ വിജയഭാവത്തിൽ ഉറക്കെ ചിരിക്കും. അയാൾ പറയും, "വെളിച്ചത്തിന് തെളിവുകളെവിടെ? അതിനാൽ വെളിച്ചമെന്നൊന്നില്ല."
ബുദ്ധൻ ആ ഗ്രാമത്തിലെത്തിയപ്പോൾ ഗ്രാമീണർക്ക് ആശ്വാസമായി. "നമ്മുക്കിവനെ ബുദ്ധന്റെ മുമ്പിൽ ഹാജരാക്കാം," അവർ പറഞ്ഞു.
അവർ കുരുടനെ ബുദ്ധന്റെ മുമ്പാകെ കൊണ്ടുവന്നു. കഥകളെല്ലാം കേട്ടപ്പോൾ ബുദ്ധൻ പറഞ്ഞു: "ഇയാൾക്കെന്റെ ആവശ്യമില്ല, ഞാനും അന്ധരുടെ കൂടെയാണ് പ്രവർത്തിക്കുന്നത്. വ്യത്യസ്ഥമായ അന്ധത - ആദ്ധ്യാത്മികമായ അന്ധത, അവരെ ഞാൻ സുഖപ്പെടുത്തുന്നു. എന്നാൽ ഈ അന്ധത ശാരീരികമാണ്. ഇയാളെ വൈദ്യനെ കാണിക്കുകയാണ് വേണ്ടത്. നിങ്ങൾക്കിയാളെ എന്റെ സ്വകാര്യ വൈദ്യനെ കാണിക്കാം.
ഒരു രാജാവ് ബുദ്ധന് പ്രത്യേകമായി ഒരു സ്വകാര്യ വൈദ്യനെ ഏർപ്പാടാക്കിയിരുന്നു. അക്കാലത്തെ മഹാവൈദ്യനായിരുന്ന ജീവകനെ ഒരു പുരസ്‌കാരമെന്ന നിലയ്ക്ക് രാജാവ് ബുദ്ധനുവേണ്ടി നിയമിച്ചതാണ്. "നിങ്ങൾ ഇയാളെ ജീവകനെ കാണിക്കൂ. തീർച്ചയായും ജീവകന് എന്തെങ്കിലും ചെയ്യാൻ കഴിയും. വെളിച്ചത്തെക്കുറിച്ചുള്ള തത്വശാസ്‌ത്രമല്ല ഇയാൾക്കാവശ്യം. ഇയാളോട് വെളിച്ചത്തെക്കുറിച്ച് സംസാരിക്കുന്നത് ഭോഷത്തമാണ്. അയാളോട് തർക്കിച്ചാൽ ജയം അയാൾക്കായിരിക്കും. വെളിച്ചമില്ലന്ന് തെളിയിക്കുവാൻ അയാൾക്ക് കഴിയും."
ഓർക്കുക ദൈവമില്ല എന്ന് തെളിയിക്കുവാൻ എളുപ്പമാണ്, ഉണ്ടെന്ന് തെളിയിക്കുവാൻ സാദ്ധ്യമല്ല. എന്തെങ്കിലും ഒന്ന് ഇല്ലായെന്ന് തെളിയിക്കാൻ വേഗം കഴിയും. കാരണം യുക്തിവാദങ്ങളെല്ലാം നിഷേധ സ്വഭാവമുള്ളതാണ്. വല്ലതും ഉണ്ട് എന്ന് തെളിയിക്കാൻ സാദ്ധ്യമല്ല. യുക്തിക്ക് എന്തിന്റെയെങ്കിലും ഉൺമയിലേക്ക് തുറക്കാൻ വാതിലുകളില്ല. അതിനാൽ നിരീശ്വരനെപ്പോലും ജയിക്കുകയും ആസ്‌തികൻ തോൽക്കുകയും ചെയ്യുന്നു. ദൈവമോ ആത്മാവോ ഉണ്ട് എന്ന് തെളിയിക്കാൻ അയാൾക്കാവില്ല.
"ഇയാളെ ജീവകനെ കാണിക്കൂ." ബുദ്ധൻ പറഞ്ഞു. ജീവകൻ അയാളെ സുഖപ്പെടുത്തി. ആറ് മാസം കൊണ്ട് അയാൾക്ക് കാഴ്ച്ച തിരിച്ചു കിട്ടി. പഴങ്ങളും പൂക്കളും കാഴ്ച്ചയായി അയാൾ ബുദ്ധനെ കാണുവാൻ വന്നു. ബുദ്ധപാദങ്ങൾ നമസ്ക്കരിച്ച് അയാൾ പറഞ്ഞു, "അങ്ങ് അവിടെ വന്നില്ലായിരുന്നുവെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ വളിച്ചമില്ലായെന്ന് വാദിച്ച് തുലഞ്ഞേനെ. വെളിച്ചം ഉണ്ട്! ഇപ്പോൾ എനിക്കത് മനസ്സിലായി!"
ബുദ്ധൻ ചോദിച്ചു, "നിങ്ങൾക്കത് തെളിയിക്കാനാവുമോ? എവിടെ വെളിച്ചം? ഞാനത് രുചിക്കാനും മണക്കാനും സ്‌പർശിക്കാനും ആഗ്രഹിക്കുന്നു!"
അയാൾ പറഞ്ഞു, "അത് അസാധ്യമാണ്. അത് കാണാൻ മാത്രമേ കഴിയൂ എന്ന് ഇന്ന് എനിക്കറിയം. അതിനെ സമീപിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ല. എന്നൊട് പൊറുക്കുക. ഞാൻ മാപ്പ് അപേക്ഷിക്കുന്നു. ഞാൻ പൂർണ്ണമായും അന്ധനായിരുന്നു. എന്റെ അന്ധതയിൽ നിന്നാണ് ഞാൻ സംസാരിച്ചിരുന്നത്. നിലവിലുള്ളതും ജീവിതത്തിലെ എറ്റവും സുന്ദരവുമായ ഒന്നിനെതിരെയാണ് ഞാൻ വാദിച്ചത്. അങ്ങ് ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഉള്ള ഒന്നിനെ എതിർത്ത് അന്ധനായിത്തന്നെ ഞാൻ അവസാനിക്കുമായിരുന്നു. വെളിച്ചത്തെക്കുറിച്ച് അങ്ങ് വാദങ്ങളൊന്നും ഉന്നയിച്ചില്ല. ഉന്നയിച്ചിരുന്നെങ്കിൽ ഞാൻ തയ്യാറെടുത്ത് പിന്നെയും വരുമായിരുന്നു, അങ്ങനെ വന്നിരുന്നെങ്കിൽ, ഇപ്പോൾ എനിക്കറിയാം, അങ്ങേയ്ക്ക് പോലും എന്നെ തോൽപ്പിക്കാനാവില്ലായിരുന്നു. അങ്ങയുടെ ഉൾക്കാഴ്ച അഗാധം തന്നെ. എനിക്ക് തെളിവുകളല്ല ആവശ്യമെന്ന് അങ്ങ് കണ്ടു. എനിക്ക് ചികിത്സയാണ് വേണ്ടിയിരുന്നത്. തത്വശാസ്‌ത്രമായിരുന്നില്ല എനിക്ക് വേണ്ടിയിരുന്നത്. എനിക്ക് വേണ്ടിയിരുന്നത് വൈദ്യനെ ആയിരുന്നു. ശരിയായ ആളുടെ അടുത്തേയ്ക്ക് എന്നെ നയിച്ചതിന് ഞാനെപ്പോഴും അങ്ങയോട് കടപ്പെട്ടിരിക്കുന്നു."
ആ മനുഷ്യൻ ബുദ്ധനെ വിട്ടുപോയില്ല. അയാൾ പറഞ്ഞു, "എന്റെ ശരീരത്തിലെ കണ്ണുകൾ അങ്ങുതുറപ്പിച്ചു തന്നതുപോലെ എന്റെ ആത്മാവിന്റെ കണ്ണുകളെയും തുറപ്പിച്ചു തരുക."
അയാൾ ഒരു ബുദ്ധശിഷ്യനായി. അയാൾ ഒരു സന്യാസിയായി.
ഒരു ശിഷ്യനാവുക എന്നാൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനാവാൻ തയ്യറാവുക എന്നാണർത്ഥം. ഒരു ആന്തരിക ശസ്‌ത്രക്രിയ. അസ്‌തിത്വത്തിന്റെ സൂക്ഷ്‌മ തലങ്ങളിൽ നടക്കുന്ന ശസ്‌ത്രക്രിയ. അപ്പോഴേ ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ.
എന്നാൽ ജനക്കൂട്ടം ഇന്നതിന് തയ്യാറല്ല. അവരെക്കുറിച്ച് വിചാരപ്പെടേണ്ടതില്ല, രാജേഷ്. അത് നമ്മുടെ കാര്യമല്ല. അവർ തെറ്റിദ്ധരിക്കുകയാണെങ്കിൽ അത് സാരമാക്കാനില്ല. അവർ ശരിയായി മനസ്സിലാക്കുന്നില്ലെങ്കിൽ നഷ്‌ടം അവർക്ക് തന്നെയാണ്. അവർ ദുർവ്യാഖ്യാനിക്കുകയാണെങ്കിൽ അതവരുടെ നഷ്‌ടം. എന്റെ സമീപത്തുവരാൻ അവരെ സഹായിക്കുക എന്നാൽ വാഗ്വാദത്തിന് ഒരുങ്ങേണ്ടതില്ല.
ഞാൻ ഒരു തത്വചിന്തകനല്ല, ഞാൻ ഒരു വൈദ്യനാണ്. അധ്യാപകന്റേതല്ല, ശസ്‌ത്രക്രിയാകാരന്റേതാണ് എന്റെ തൊഴിൽ. ഗുരു എപ്പോഴും ഒരു ശസ്‌ത്രക്രിയാവിദഗ്‌ധനാണ്. നിങ്ങളിലുള്ള വ്യാജങ്ങളെല്ലാം അയാൾ കഷ്ണം കഷ്ണമായി മുറിച്ചു നീക്കുന്നു. വ്യാജങ്ങളുടെ മുഖമാനങ്ങൾ അയാൾ ഇടിച്ചു നിരത്തുന്നു. ബാക്കിയാകുന്നതാണ് നിങ്ങളുടെ സത്യവും ഉണ്മയും. വാക്കിലൂടെയും മൗനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും സംവേദിക്കപ്പെടുന്നതെന്തെന്ന് അനുഭവത്തിലൂടെ മാത്രമേ നിങ്ങൾക്ക് അറിയാനാകൂ.
ഞാൻ നിങ്ങളിലേക്കെത്താൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും ശ്രമിക്കുന്നു. എന്നാൽ അതിന് നിങ്ങൾ തുറന്ന് വെക്കുകതന്നെ വേണം. ആൾക്കൂട്ടത്തിലെത്താൻ എനിക്ക് കഴിയുകയില്ല. അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.
(ധ്യാനത്തിലെ ആഹ്ലാദം, അദ്ധ്യായം - 11)