സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2015, മേയ് 7, വ്യാഴാഴ്‌ച

മഹാ ഗുരുക്കന്മാർ തുടർച്ചയായി തെറ്റിദ്ധരിക്കപ്പെടുകയും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ടാണ്‌?


മഹാ ഉപവാസത്തിന്റെ ഏഴാം ദിവസം ഗുരുവിനോടൊപ്പം നടന്ന സത്സംഗത്തിനിടയിൽ ശിഷ്യനായ ഒരു കുട്ടി സംശയം ചോദിച്ചു.


ഗുരോ, നമ്മുടെ രാജ്യം നിരവധി ഗുരുക്കന്മാരെക്കൊണ്ട്‌ അനുഗ്രഹീതമാണല്ലോ. അവരെല്ലാം തന്നെ ആത്മീയമായും, അതീന്ദ്രിയശേഷിയിലും അങ്ങയെപ്പോലെ ഉന്നത ശ്രേണിയിൽപ്പെട്ടവരാണന്ന് നമ്മുക്ക്‌ അറിവുള്ളതാണ്‌. എന്നാൽ അവരെല്ലാം തന്നെ പല വിധത്തിലുള്ള അപകീർത്തിപരമായ ആരോപണങ്ങൾക്ക്‌ വിധേയരായിക്കൊണ്ടിരിക്കുന്നു. ഈ പ്രശ്ങ്ങളെ മുൻകൂട്ടി അറിയുവാനും, അതിൽ നിന്നും രക്ഷ നേടുവാനും എന്തുകൊണ്ട്‌ അവർ അതീന്ദ്രിയ ജ്ഞാനം ഉപയോഗിക്കുന്നില്ല?


(ഗുരുവിന്റെ വിശദീകരണം അർത്ഥപൂർണ്ണമായ രീതിയിൽ വിവരിക്കുവാൻ പല തവണ ശ്രമിച്ചിട്ടും എനിക്കു സാധിക്കുന്നില്ല. ഇതേ ആശയം ഉൾക്കൊള്ളുന്ന വിഷയം ഞാൻ ഓഷോയുടെ "ധ്യാനത്തിലെ ആഹ്ലാദം" എന്ന പുസ്‌തകത്തിൽ വായിക്കുവാനിടയായി ആ ഭാഗം ചുവടെ ചേർക്കുന്നു.)


ചോദ്യം 2:പ്രിയങ്കരനായ ഗുരോ,
അങ്ങ് പറയുന്ന തരത്തിലുള്ള പുതിയ മനുഷ്യനായിത്തീരാൻ എനിക്കെങ്ങിനെ കഴിയും?


ഭഗവതൊ, യേശു പറയുന്നു: നീ വീണ്ടും ജനിച്ചില്ലായെങ്കിൽ ദൈവരാജ്യത്തിലേക്ക് നിനക്ക് പ്രവേശനമില്ല. കൃത്യമായി ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്: നീ വീണ്ടും ജനിച്ചില്ലായെങ്കിൽ....


രണ്ട്‌ ജനനങ്ങളുണ്ട്‌ . ഒന്ന് മാതാപിതാക്കൾ നൽകിയത്; ശാരീരികജനനം. രണ്ടാം ജന്മത്തിനുള്ള ഒരവസരം നൽകൽ മാത്രമാണിത്. ഒന്നാം ജന്മത്തോടെ എല്ലാം തീർന്നു എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ കേന്ദ്ര ബിന്ദു നിങ്ങൾക്ക് നഷ്ടപ്പെടുന്നു. ഒന്നാം ജന്മം ഒരു വിത്തു മാത്രമാണ്. രണ്ടാമത്തേത് സംഭവിക്കുകയാണെങ്കിൽ മാത്രം ആദ്യത്തേത് വിലമതിക്കാനാവാത്തതായിത്തീരുന്നു. ഇരു ജന്മമുള്ളവനായിരിക്കണം നിങ്ങൾ. അങ്ങനെയാണ് ബുദ്ധനെപ്പറ്റി നമ്മൾ കിഴക്കൻ രാജ്യക്കാരുടെ നിർവ്വചനം.


രണ്ടാം ജന്മം നിങ്ങൾക്കുള്ളിൽ തന്നെ സംഭവിക്കേണ്ടതാണ്. ബോധത്തിലാണത് സംഭവിക്കേണ്ടത്. അത് ശരീരത്തിന്റെയോ മനസ്സിന്റെയോ അല്ല. ബോധത്തിന്റേത് മാത്രമാണത്.


സാധാരണ ഗതിയിൽ ഒന്നാം ജന്മം നിങ്ങളെ ഒരു യന്ത്രം മാത്രമാണ് ആക്കിത്തീർക്കുന്നത്. ഉപരിപ്ലവമായ രീതിയിൽ നിങ്ങൾ ജീവിതം ആരംഭിക്കുന്നു. നിങ്ങൾക്ക് ആഴമില്ല, നിങ്ങൾക്ക് ആത്മാവില്ല. നിങ്ങൾ തിന്നുകയും കുടിക്കുകയും പ്രവൃത്തി ചെയ്യുകയും ഉറങ്ങുകയും എല്ലാം ഒരു യന്ത്രമനുഷ്യനെപ്പോലെ ചെയ്യുന്നു. ഉൺമയുടെ സൗന്ദര്യം നിങ്ങൾ കാണുന്നില്ല - കാണാൻ നിങ്ങൾക്കാവില്ല. ഓരോ നിമിഷത്തിലേയും ദൈവികത നിങ്ങൾ കാണുന്നില്ല. അതനുഭവിക്കാൻ നിങ്ങൾക്ക് സാധ്യമല്ല. നിങ്ങളുടെ ആന്തരിക സത്ത മുഴുവനായും പരിവർത്തനവിധേയമാകേണ്ടതുണ്ട്. പുതിയ ആത്മസത്തയും ദർശനവും വീക്ഷണവും ആവശ്യമുണ്ടതിന്.


നിയതസ്വരൂപമുള്ളതാണ് നിങ്ങളുടെ കാഴ്ചയും കേൾവിയും. വാക്കുകൾ നിങ്ങൾ കേൾക്കുന്നു. എന്നാൽ നിങ്ങൾക്ക് അർത്ഥം മനസ്സിലാകുന്നില്ല. ബൈബിളും ഖുറാനും വേദങ്ങളും നിങ്ങൾ വായിക്കുന്നു, തത്തയെപ്പോലെ. നിങ്ങളുടെ പുരോഹിതൻമാരേക്കാളും പണ്ഡിതമ്മാരേക്കാളും ബുദ്ധിയുണ്ട് തത്തയ്ക്ക്. ഗ്രാമഫോൺ റെക്കോഡ് പോലെ നിങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.


"എനിക്കറിയില്ല" എന്ന് സ്വയം അംഗീകരിക്കാൻ വീർത്ത അഹംബോധം നിങ്ങളെ സമ്മതിക്കുന്നില്ല.


പ്രശസ്ത വയലിനിസ്റ്റ് ജാസ്ക്കാ ഹീഫസ് ലണ്ടനിൽ ഒരു കച്ചേരിക്ക് പോയി. കച്ചേരി ആരംഭിക്കുന്നതിന് കുറച്ച് മണിക്കൂർ മുമ്പ് വയലിന്റെ ഒരു സ്പ്രിങ്ങ് പൊട്ടിയിരിക്കുന്നതായിക്കണ്ട് ഉടനെ ഒരു കടയിൽ കമ്പി മാറ്റാൻ കയറി. പുതുതായി ജോലിക്ക് വന്ന ഒരു പെൺകുട്ടിയാണ് അദ്ദേഹത്തെ പരിചരിച്ചത്.


"വയലിന് ഒരു 'ഇ' സ്പ്രിംഗ് വേണം", ജാസ്ക്കാ ഹീഫസ് പറഞ്ഞു.
"എന്താണ്?", ഒന്നും ,മനസ്സിലാകാത്ത ആ പെൺകുട്ടി ചോദിച്ചു.
"ഒരു 'ഇ' സ്പ്രിംങ്"
"സോറി സാർ", പെൺകുട്ടി പറഞ്ഞു. "അതു താങ്കൾതന്നെ തെരഞ്ഞെടുക്കണം. എനിക്ക് ഹീ സ്പ്രിംങ് ഏത് ഷീ സ്പ്രിംങ് ഏത് എന്ന് അറിയില്ല!"


എന്നാൽ അറിയില്ല എന്നു പറയാൻ ആളുകൾക്ക് വല്ലാത്ത മടിയാണ്. അറിവിന്റെ മുഖപ്പ് അവർ പടുത്തുയർത്തുന്നു. ജീവിതത്തിലെ ഏറ്റവും ഭീമമായ അബദ്ധമാണിത്. നിങ്ങൾ ജനിക്കാതിരിക്കുകയും ജനിച്ചിരിക്കുന്നു എന്ന് വിചാരിക്കുകയും ജീവിത ലക്ഷ്യം കണ്ടെത്തി എന്നു ധരിക്കുകയും ചെയ്താൽ ഈ അവസരം നിങ്ങൾക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അത് ഓവുചാലിൽ ഒലിച്ചുപോകും.


വലിയ വാക്കുകൾ പഠിക്കാൻ നിങ്ങൾക്ക് സാധിക്കും. അത് ധാരളമായി കിട്ടാനുണ്ട്. യേശു ക്രിസ്തുവിനെ നേരിട്ട് കണ്ടാൽ ചിലപ്പോൾ നിങ്ങൾക്ക് അദ്ദേഹം സംസാരിച്ചതിനേക്കാൾ നന്നായി അദ്ദേഹത്തിന്റെ വാക്കുകൾ പറയാനായേക്കും. കാരണം വർഷങ്ങളായി നിങ്ങളത് ഉരുവിട്ട് പഠിക്കുന്നു. നിങ്ങൾക്ക് അദ്ദേഹത്തെ തോൽപ്പിക്കാനാകും. ഒരു മത്സരപരീക്ഷ വെച്ചാൽ തീർച്ചയായും യേശുവിന് പാസ്മാർക്ക് കിട്ടുകയില്ല. ഏതെങ്കിലും മണ്ടൻ പുരോഹിതനായിരിക്കും ജയിക്കുക. കാരണം, അയാൾക്ക് കൃത്യമായി പദാനുപദം ആവർത്തിക്കാൻ കഴിയും. ക്രിസ്തുവിന് തീർച്ചയായും അത് സാധിക്കുകയില്ല. അദ്ദേഹത്തിന് വാക്കുകൾ സ്വാഭാവികമായി മനസ്സിൽ മുളപൊട്ടുന്നതാണ്. ആ സന്ദർഭത്തോട് അദ്ദേഹം പ്രതികരിക്കുന്നു. പുതിയ കുറേ കാര്യങ്ങൾ പറയുന്നു. കാരണം ഇരുപത് നൂറ്റാണ്ടുകളാണ് കഴിഞ്ഞുപോയത്. പഴയ വാക്കുകൾ തന്നെ ആവർത്തിക്കാൻ അദ്ദേഹത്തിന് ആവുമോ? അത് അസാധ്യമായിരിക്കും.


അതുകൊണ്ടാണ് എല്ലാം അറിയാം എന്നു കരുതുന്നവർ ലോകത്തിലെ ഏറ്റവും വലിയ അജ്ഞാനികളായിരിക്കുന്നത്. ഒരാൾ അറിവില്ലാത്തവനായിരിക്കുക എന്നത് ചീത്ത കാര്യമൊന്നുമല്ല. എന്നാൽ അറിവില്ലാതെ, അറിയാമെന്ന നാട്യവുമായി ജീവിക്കുന്നവൻ അപകടകാരിയാണ്.








സംസാരിക്കുന്ന തത്തകളെ വാങ്ങിക്കുക എന്നത് ഒരു ഫാഷനായിത്തീർന്നിരിക്കുന്നു. മുല്ലാനസ്രുദ്ദീന്റെ ഭാര്യയ്ക്ക് ഒന്നിനെ കിട്ടിയേ തീരു. എല്ലാ കടകളിലും അവൾ കയറി ഇറങ്ങി. എല്ലാം വിറ്റുപോയിരിക്കുന്നു. ഒടുക്കം ഒരു കടയിൽ ഒരു തത്ത ബാക്കിയുണ്ട്.
കടയുടമ പറഞ്ഞു. "ഈ തത്തയുടെ മുൻ ഉടമസ്ഥ ഒരു വേശ്യാലയം നടത്തിപ്പുകാരിയായിരുന്നു. അതുകൊണ്ട് തത്ത ചീത്ത ഭാഷ ഉപയോഗിക്കും. ഒരാഴ്ച്ച മൂടിയിട്ടാൽ ചിലപ്പോൾ ആദ്യം കണ്ടതും കേട്ടതുമൊക്കെ തത്ത മറന്നേക്കും."

നസ്രുദ്ദീന്റെ ഭാര്യ തത്തയെ വാങ്ങുകയും കടയുടമ പറഞ്ഞതുപോലെ പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. തത്തയെ വെളിച്ചത്തേക്ക് കൊണ്ടുവന്നു തത്ത ഒന്നു കണ്ണു ചിമ്മിത്തുറന്ന് വെളിച്ചവുമായി ഒന്ന് അഡ്ജസ്റ്റ് ചെയ്തിട്ട് ചുറ്റും ഒന്ന് നോക്കിയിട്ട് പറഞ്ഞു, "ഉം.... കൊള്ളാം. ഉം.... നല്ല മേം സാബ്.... ഉം.... പുതിയ പെൺകുട്ടികൾ."


അപ്പോഴാണ് മുല്ലാ നസ്രുദ്ദീൻ കയറി വന്നത്. തത്ത അയാളെ നന്നായൊന്ന് നോക്കി. എന്നിട്ട് പറഞ്ഞു, "നാശം....പറ്റുകാർ പഴയ ആൾക്കാർ തന്നെ, ഹേയ്, മുല്ലാ!"


അതെ പണ്‌ഡിറ്റുകളേക്കാൾ സ്വാഭാവികതയുണ്ട് തത്തകൾക്ക്. നിങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ മാതാപിതാക്കൾ അവർ ജീവിച്ചു എന്നു സ്വയം വിശ്വസിച്ചു. അവരുടെ മാതാപിതാക്കളും അവർ ജീവിച്ചു എന്നു വിശ്വസിച്ചു. അതേ ആശയം അവർ നിങ്ങൾക്കും നൽകി. നിങ്ങൾ ജീവിക്കുന്നില്ല. നിങ്ങൾ പ്രത്യുല്പാദനം നടത്തുക മാത്രമേ ചെയ്യുന്നുള്ളു. ജീവിക്കുക എന്നാൽ പൂർണ്ണബോധത്തോടെ ജീവിക്കുക എന്നാണർത്ഥം.


ഭഗവതൊ, ഞാൻ പുതിയ മനുഷ്യൻ എന്ന് പറയുന്നത് ബോധോദയമുള്ളവനെയാണ്. ബോധം ഉദിച്ചവൻ വന്നെത്തിയില്ലെങ്കിൽ മനുഷ്യരാശി രക്ഷിക്കപ്പെടുകയില്ല. പണ്ട് അത് അത്രതന്നെ ആവശ്യമായിരുന്നില്ല. പക്ഷെ ഇന്നത് എത്രയും അത്യാവശ്യമായിത്തീർന്നിരിക്കുന്നു. പുതിയ മനുഷ്യൻ ഭൂമിയിൽ വരുന്നില്ലെങ്കിൽ, കൂടുതൽ കൂടുതൽ ആളുകൾക്ക് ബോധവും ജാഗ്രതയും ശ്രദ്ധയും ഉണ്ടാവുന്നില്ലെങ്കിൽ ലോകം ഇരുളടഞ്ഞതായിത്തീരും. മന്ദബുദ്ധികളായ രാഷ്ട്രീയക്കാരുടെ കൈകളിലാണിന്ന് ഭൂമിയുടെ ഭാവി. നാരകീയ അധികാരമാണിന്നവർക്ക്. ഇങ്ങനെയൊരവസ്ഥ മുമ്പുണ്ടായിരുന്നതല്ല. ഇതൊരു പുതുപ്രതിഭാസമാണ്.


വെറും അഞ്ചുകൊല്ലം മുമ്പാണ് ഒരു മനുഷ്യനെ ഏഴുതവണ കൊല്ലാനുള്ള ശക്തി അവർക്കു കിട്ടിയത്. ഒരുത്തനെ ഏഴുതവണ വേണ്ട, ഒരു തവണ കൊന്നാൽ മതി. അഞ്ചുവർഷം മുമ്പ് ഇത്രയും ആണവശക്തി നമ്മൾ കൈവരിച്ചിരുന്നു. അപ്പോൾ കൈവശമുള്ള ആറ്റം ബോംബുകൾ ഉപയോഗിക്കുകയാണെങ്കിൽ ഭൂമിയെ ഏഴുതവണ നശിപ്പിക്കാവുന്ന ശക്തിയാണവ സംഭരിച്ചുവെച്ചിട്ടുള്ളത്. അതിനടുത്ത അഞ്ചുവർഷം കൊണ്ട് ശരിക്കും നമ്മൾ വീണ്ടും പുരോഗമിച്ചിട്ടുണ്ട്. എഴുനൂറു തവണ നശിപ്പിക്കാനുള്ള ശക്തിയാണ് ഇപ്പോൾ കൈവശമുള്ളത്. ഒരു ഭൂമിയെയല്ല, ഇതുപോലെ എഴുനൂറ് ഭൂമിയുണ്ടെങ്കിലും നമുക്ക് നശിപ്പിക്കാനാകും. ഇതും പോരാഞ്ഞ് വീണ്ടും ആയുധങ്ങൾ നാം കുന്നുകൂട്ടുകയാണ്. ഏതു നിമിഷത്തിലും പേയിളകിയ ഒരു രാഷ്ട്രീയക്കാരൻ വിചാരിച്ചാൽ ഭൂമിയുടെ സമ്പൂർണ്ണ നാശം സംഭവിക്കും.


മാനവചരിത്രത്തിലെ ഏറ്റവും അപകടകരമായ കാലമായിരിക്കും ഇനി വരുന്ന ഇരുപതു കൊല്ലങ്ങൾ. മുമ്പൊരിക്കലും ഇത്ര അപകടകരമായൊരവസ്ഥ ഉണ്ടായിരുന്നില്ല. അഗ്നിപർവ്വതത്തിന്റെ മുകളിലാണ് നമ്മളിപ്പോൾ ഇരിക്കുന്നത്. കൂടുതൽ ബോധവും കൂടുതൽ ജാഗ്രതയും മാത്രമേ നമ്മെ രക്ഷിക്കുകയുള്ളൂ. മറ്റുമാർഗ്ഗമില്ല. മനുഷ്യൻ യന്ത്രവൽക്കരിക്കപ്പെടുന്നത് തടയണം. സമൂഹം മനുഷ്യനെ യന്ത്രമാക്കുന്നു. കാര്യക്ഷമതയുള്ള യന്ത്രങ്ങളെയാണത് സൃഷ്ടിക്കുന്നത്, മനുഷ്യജീവികളെയല്ല.


സ്വയം പ്രവർത്തകയന്ത്രാവസ്ഥയിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാനാണെന്റെ ശ്രമം. തീർത്തും സാമൂഹ്യവിരുദ്ധമായ ഒരു കാര്യമാണ് ഞാൻ ചെയ്യുന്നത്. സമൂഹം നിങ്ങളെ യന്ത്രമാക്കുന്നു. ഞാൻ തിരിച്ച് നിങ്ങളെ മനുഷ്യനാക്കുന്നു. ഈ അഗ്നി പടർന്ന് ഭുമിയിലെ എല്ലാ മുക്കിലും മൂലയിലും എത്തണം. കൂടുതൽ ആളുകളെ ബോധവാനാകാൻ സഹായിക്കണം. ഉയർന്ന അളവിൽ കൂടുതൽ ആളുകളിൽ ബോധം വളരുകയാണെങ്കിൽ മനുഷ്യവംശത്തെ രക്ഷിക്കാൻ കഴിയുമെന്ന സാദ്ധ്യത, പ്രതീക്ഷയ്ക്ക് വകയുണ്ട്. എല്ലാം പൂർണ്ണമായി നശിച്ചിട്ടില്ല. എന്നാൽ കാലം ഓടി മറയുകയാണ്. എല്ലാം നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരും കമ്പ്യൂട്ടറുമാണ്. രണ്ടും അപകടകരമാണ്. ഭ്രാന്തൻമാരാണ് രാഷ്ട്രീയക്കാർ. ആവശ്യത്തിന് ഭ്രാന്ത് ഇല്ലെങ്കിൽ നിങ്ങൾക്ക് രാഷ്ട്രീയക്കാരനാകാൻ പറ്റില്ല. തികഞ്ഞ ഉന്മാദം തന്നെ വേണമതിന്. കാരണം ഉമ്മാദികൾക്കേ അധികാരക്കൊതി എന്ന മനോരോഗമുള്ളൂ.


സുബോധമുള്ള മനുഷ്യന്റെ ലക്ഷണം ആനന്ദമാണ്. അയാൾക്ക് അധികാരപ്രമത്തത ഇല്ല. സംഗീതത്തിൽ, പാട്ടുപാടുന്നതിൽ, നൃത്തത്തിൽ അയാൾക്ക് താത്പര്യമുണ്ടാകും. അയാൾ ആരെയും ഭരിക്കാൻ ആഗ്രഹിക്കുന്നില്ല. സ്വന്തം അധിപനായിത്തീരാനാണയാളുടെ ആഗ്രഹം, മറ്റുള്ളവരുടെ അധിപനായിത്തീരാൻ അയാൾ ആഗ്രഹിക്കുന്നില്ല.


ഭ്രാന്തൻമാരാണ് രാഷ്ട്രീയക്കാർ. ഇതിന് ചരിത്രം മതിയായ തെളിവു നൽകുന്നു. ഇന്ന് കമ്പ്യൂട്ടറാണ് യജമാനസ്ഥാനത്ത്.


"തെറ്റുപറ്റലാണ് മനുഷ്യത്വം" എന്ന് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. സത്യമാണത്. എന്നാൽ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കിതീർക്കാൻ ഇന്ന് മനുഷ്യൻ മാത്രം വിചാരിച്ചാൽ സാധ്യമല്ല. അതിന് കമ്പ്യൂട്ടറിന്റെ സഹായവും വേണം. യന്ത്രങ്ങളും ഭ്രാന്തമ്മാരുമാണിന്ന് ലോകം അടക്കിവാഴുന്നത്. ലോകത്തിന്റെ അടിക്കല്ല് തന്നെ മാറ്റിപ്പണിയേണ്ടതുണ്ട്. പുതിയ മനുഷ്യൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അതാണ്.


കൂടുതൽ ബോധവാനായ, കൂടുതൽ ഹൃദയാലുവായ, കൂടുതൽ സർഗ്ഗ ശേഷിയുള്ള മനുഷ്യൻ എന്നാണ് പുതിയ മനുഷ്യൻ എന്നതുകൊണ്ട് ഞാനർത്ഥമാക്കുന്നത്. കൂടുതൽ ധ്യാനനിരതനും നിശ്ശബ്ദനും ശാന്തനുമായിരിക്കുക. അനുഭവങ്ങളെ ആഴത്തിൽ ഉൾക്കൊള്ളുക. ആ അനുഭവത്തിൽ നിങ്ങളിൽ നിന്നും സുഗന്ധം പുറപ്പെടും. കൂടുതൽ കൂടുതൽ ആളുകൾ ധ്യാനനിരതരായിത്തീരുകയാണെങ്കിൽ ഭൂമി മുഴുവൻ പുതുസുഗന്ധം പരക്കും.


(ധ്യാനത്തിലെ ആഹ്ലാദം, അദ്ധ്യായം - 11)








Read More »