സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

ഈശ്വരനിലേക്കുള്ള മാർഗം


സദ്ഗുരു ശ്രീ യോഗാനന്ദ ശ്രീരാജ് അനേക വർഷത്തെ കഠിനാദ്ധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്ത ധ്യാനമാർഗമാണ്‌ പ്രാണയോഗക്രിയ. മനസ്സിന്‌ ശാന്തിയും സന്തോഷവും പകർന്നു തരുന്ന, ശ്വാസത്തെ പിന്തുടർന്ന്‌ ശ്വാസം മാത്രം ആയിത്തീരുന്ന അനുഭൂതിദായകമായ ധ്യാനമാർഗമാണ്‌ പ്രാണയോഗക്രിയ. ലാളിത്യമാണ്‌ അതിന്റെ മുഖമുദ്ര. നെറുകയിൽ നിന്നും കാല്പ്പാദം വരെ ഒഴുകിയിറങ്ങുന്ന വിവരണാതീതമായ അനുഭവങ്ങളെ പ്രദാനം ചെയ്യുന്ന ചൈതന്യത്തിന്റെ നിലയ്ക്കാത്ത ധാരയാണ്‌  പ്രാണയോഗക്രിയയുടെ കരുത്തും കാതലും.
ശരീരവും ശ്വാസവും ഒന്നായിത്തീരുക വഴി മനസ്സും ശരീരവും ആത്മാവും ശുദ്ധീകരിക്കപ്പെടുന്നു. മനസ്സിലെ അന്തഃക്ഷോഭങ്ങൾ കെട്ടടങ്ങുന്നു. ആകുലതകളും സമ്മർദ്ദങ്ങളും അലിഞ്ഞഞ്ഞലിഞ്ഞ്‌ ഇല്ലാതാകുന്നു. ടെൻഷൻ ഇല്ലാതാകുന്നതോടെ ഏതു പ്രതിസന്ധിയിലും സമചിത്തതയോടെ പെരുമാറുവാൻ നിങ്ങൾക്കു കഴിയുന്നു. പ്രശ്നങ്ങളിൽ വീണുപോകാതിരിക്കുമ്പോൾ പ്രശ്നപരിഹാരം എളുപ്പത്തിൽ സാധിക്കുന്നു. ഭയം നിങ്ങളെ വിട്ടൊഴിയുന്നു. ആധിയാണ്‌ എല്ലാ വ്യാധികൾക്കും മൂലകാരണം. ആധി ഇല്ലാതാകുന്നതോടെ രോഗങ്ങൾക്ക്‌ ശമനമുണ്ടാകുന്നു.
ഗുരുവിന്റെ അനുഗ്രഹത്താലും തപഃശക്തിയാലും നിങ്ങളിലൂടെ പ്രവഹിക്കുന്ന ചൈതന്യധാര ശരീരത്തിലെ ഊർജ്ജ ചക്രങ്ങളെ ശുദ്ധീകരിക്കുന്നു.ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച്‌ ഹോർമോണുകളുടെ പ്രവർത്തനത്തെ സമതുലിതമാക്കുന്നു. രോഗബാധിതമായ ശരീരകോശങ്ങളെ ഇല്ലായ്മ ചെയ്ത് പുതിയവ സൃഷ്ടിക്കുന്നു.
വൈദ്യശാസ്ത്രത്തിനോ ആധുനിക സൂക്ഷ്മദർശിനികൾക്കോ ഇതുവരെയും പൂർണ്ണമായും ദ്രുശ്യവേദ്യമാകാത്ത സൂക്ഷ്മശരീരത്തിലൂടെ പ്രപഞ്ച ചൈതന്യധാരയെ കടത്തിവിട്ട്‌ രോഗത്തിന്റെ മൂലകാരണങ്ങളെ വേരോടെ പിഴുതുമാറ്റുന്നു. അങ്ങനെ ശാരീരികമായും മാനസികമായും കരുത്തുറ്റ ശരീരത്തിലെ ഊർജ്ജചക്രങ്ങൾ തുറക്കുകവഴി അതീന്ദ്രിയാനുഭവങ്ങൾ കൈവരുന്നു. പ്രപഞ്ച ചൈതന്യധാരയെ നിയന്ത്രിക്കാനും ലോകനന്മയ്ക്കായി ഉപയോഗിക്കാനുമുള്ള അറിവ്‌ പ്രാണയോഗക്രിയയിലൂടെ ഗുരു പകർന്നു തരുന്നു. അങ്ങനെ, അന്യരുടെ രോഗദുരിതങ്ങളെ ഇല്ലായ്മ ചെയ്യുകവഴി മാനവസേവ മാധവസേവഎന്ന ആപ്തവാക്യം അർത്ഥപൂർണ്ണമാകുന്നു. ഈശ്വരൻ നമ്മളിലേക്ക്‌, കാന്തം ഇരുമ്പിനെയെന്നപോലെ ആകർഷിക്കപ്പെടുന്നു. അങ്ങനെ പ്രാണയോഗക്രിയ ഓരോ മാനവനും യോഗശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യമായ ചിന്തകളടങ്ങിയ മനസ്സ്
 പ്രദാനം ചെയ്യുക വഴി മുക്തിയിലേക്കും ലയത്തിലേക്കും എത്തിക്കുന്നു-പൂർണ്ണ സ്വാതന്ത്ര്യത്തോടെ പൂർണ്ണ സന്തോഷത്തോടെയുള്ള ജീവിതത്തിലേക്ക്!!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ