മനസ്സിനെ
നിയന്ത്രിക്കാന്‍ കഴിയാത്തവനു ആത്മവിദ്യ അപ്രാപ്യം
യോഗവാസിഷ്ഠം
നിത്യപാരായണം
“ന പശ്യത്യേവ യോഽത്യര്‍ഥം തസ്യ കഃ ഖലു ദുര്‍മതിഃ
വിചിത്രമഞ്ജരീ
ചിത്രം സംദര്‍ശയതി കാനനം” (5/14/3)
വസിഷ്ഠന്‍
തുടര്‍ന്നു: ഈ മായികലോകത്തെ സത്യമെന്നുധരിച്ച് അതില്‍ വിശ്വാസമുറപ്പിച്ച് സുഖാനുഭവങ്ങള്‍ക്കായി
പരിശ്രമിക്കുന്നവര്‍ക്കായല്ല ഞാനീ സംഗതികള്‍ പറഞ്ഞു തരുന്നത്. “കാണാന്‍ വിസമ്മതിക്കുന്നവനുവേണ്ടി
ഏതൊരു മന്ദബുദ്ധിയാണ് വര്‍ണ്ണവൈവിദ്ധ്യമാര്‍ന്ന ഒരു വനപ്രദേശം കാട്ടിക്കൊടുക്കാന്‍
മെനക്കെടുക?” ഏതൊരു
വിഡ്ഢിയാണ് മൂക്കു മുഴുവന്‍ കുഷ്ഠം പിടിച്ചറ്റുപോയവനെ സുഗന്ധദ്രവ്യങ്ങളെ മണത്തറിഞ്ഞു
വേര്‍തിരിക്കുന്ന സൂക്ഷ്മമായ കല അഭ്യസിപ്പിക്കാന്‍ ശ്രമിക്കുക? ലഹരിക്കടിമയായ ഒരുവനെ ആരാണ് അതിഭൗതികതയും തത്വശാസ്ത്രവും പഠിപ്പിക്കുക?
ഗ്രാമത്തിലെ കാര്യങ്ങളെപ്പറ്റി ശ്മശാനത്തില്‍ക്കിടക്കുന്ന ശവത്തോട് ആരാണു
തിരക്കുക? അഥവാ അങ്ങിനെ ആരെങ്കിലും ചെയ്താല്‍ത്തന്നെ ആ വിഡ്ഢിത്തത്തെ
ആരാണു തടയാന്‍ ശ്രമിക്കുക? അതുപോലെ അന്ധവും മൂകവുമായ മനസ്സിനെ
നിയന്ത്രിക്കാന്‍ കഴിയാത്തവനെ ആരാണ് ആത്മവിദ്യ അഭ്യസിപ്പിക്കുക?
വാസ്തവത്തില്‍
മനസ്സ് എന്നതൊരു മിഥ്യയാണ്. അതുകൊണ്ടുതന്നെ അതെന്നും കീഴടക്കപ്പെട്ടതുതന്നെയാണ്.
എന്നാല്‍ ഈ മനസ്സെന്ന ‘അവസ്തു’വിനെ വെല്ലാന്‍ കഴിയാതെ കഷ്ടപ്പെടുന്നവന്‍ വിഷം കഴിക്കാതെതന്നെ
അതിന്റെ ദുരിതമനുഭവിക്കുന്നവനാണ്. ജ്ഞാനി എല്ലായ്പ്പോഴും ആത്മാവിനെ കാണുന്നു. അയാള്‍
എല്ലാ ചലനങ്ങളേയും പ്രാണന്റെ ഗതിവിഗതികളായി അറിയുന്നു. ഇന്ദ്രിയങ്ങള്‍ അതാതിന്റെ പ്രവര്‍ത്തനങ്ങള്‍
നിര്‍വ്വഹിക്കുന്നതായും അയാളറിയുന്നു.
അപ്പോള്‍
ഈ മനസ്സെന്നു പറയുന്നതെന്തിനെയാണ്?
എല്ലാ ചലനങ്ങളും പ്രാണന്റേതാണ്. എല്ലാ ബോധവും ആത്മാവിന്റേതുമാണ്. ഇന്ദ്രിയങ്ങള്‍ക്ക്
അതതിന്റെ ശക്തിയുമുണ്ട്. അപ്പോള്‍പ്പിന്നെ ഇവയെ എല്ലാം ബന്ധിപ്പിച്ചു നിര്‍ത്തുന്നതെന്താണ്?
ഇതെല്ലാം സര്‍വ്വവ്യാപിയായ ആ അനന്താവബോധത്തിന്റെ ഭാവങ്ങളാണ്. വൈവിദ്ധ്യത,
അല്ലെങ്കില്‍ ഭിന്നത എന്ന വാക്കിന് യാതൊരു സാംഗത്യവും ഇല്ല തന്നെ. ഈ
വിഭിന്നത എന്ന ധാരണ തന്നെ നിന്നില്‍ എങ്ങിനെയാണുദയം ചെയ്തത്?
വ്യക്തിഗത
ആത്മാവ്, അല്ലെങ്കില്‍
ജീവന്‍ എന്നത് ബുദ്ധിമാന്മാരെപ്പോലും കുഴക്കുന്ന വെറുമൊരു വാക്കല്ലേ? വ്യക്തിബോധം, പരിമിത ബോധം എന്നെല്ലാം പറയുന്നതും അസത്തായ
വെറും ഭ്രമകല്‍പ്പനകള്‍ മാത്രം. അതിനെന്തുചെയ്യാന്‍ കഴിയും?
ഏകാത്മകമായ
സത്യത്തെ മറയ്ക്കുന്ന മനസ്സെന്ന ഒരു പ്രഹേളികയെ സങ്കല്‍പ്പിച്ചുണ്ടാക്കി അതിനെക്കൊണ്ടുള്ള
ദു;ഖങ്ങളനുഭവിക്കുന്ന
അജ്ഞരായവരുടെ നിയതിയോര്‍ത്ത് എനിക്കു കഷ്ടം തോന്നുന്നു. ഈ ലോകത്ത് മന്ദബുദ്ധികള്‍ ജനിക്കുന്നത്
ദുരിതാനുഭവങ്ങള്‍ അനുഭവിച്ചു മരിക്കുവാനായാണ്. ദിനംതോറും ലക്ഷക്കണക്കിനു മൃഗങ്ങള്‍
കൊല്ലപ്പെടുന്നു. കാറ്റിന്റെ ഊക്കില്‍പ്പെട്ട് കോടിക്കണക്കിനു കൊതുകുകള്‍ ചാവുന്നു.
സമുദ്രത്തിലെ ചെറുജീവികളെ വലിയ ജീവികള്‍ ഭക്ഷിക്കുന്നു. അതിലെല്ലാം ദുഃഖിക്കാനെന്തുണ്ട്?
ബലമേറിയ
മൃഗങ്ങള്‍ ബലം കുറഞ്ഞവയെ കൊന്നു തിന്നുന്നു. ചെറിയൊരെറുമ്പു മുതല്‍ മഹാദിവ്യന്മാര്‍വരെ
എല്ലാവരും ജനനമരണങ്ങള്‍ക്കടിമകളാണ്. ഓരോ നിമിഷവും എണ്ണമറ്റ ജന്തുക്കള്‍ ജനിക്കുന്നു, മരിക്കുന്നു. ഇതൊന്നും ആളുകള്‍ക്കിഷ്ടപ്പെടുന്നോ
ഇല്ലയോ അവര്‍ ദുഃഖിക്കുന്നോ സന്തോഷിക്കുന്നോ എന്നൊന്നും നോക്കിയല്ല സംഭവിക്കുന്നത്.
അതുകൊണ്ട് അനിവാര്യമായും സംഭവിക്കുന്ന ഒന്നിനെപ്പറ്റിയും വ്യാകുലപ്പെടാതിരിക്കുകയാണ്
ജ്ഞാനികള്‍ ചെയ്യുക.